കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.